08:49am 06 May 2026
NEWS
കേരളത്തിൽ ഭരണമാറ്റം; ഖത്തറിലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം


05/05/2026  01:21 PM IST
കേരളത്തിൽ ഭരണമാറ്റം; ഖത്തറിലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം

 

​പി വി എ നാസർ 


​ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം കൈവരിച്ച വാർത്ത ആവേശപൂർവ്വമാണ് ഖത്തറിലെ പ്രവാസി സമൂഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇൻകാസ്, കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഖത്തർ സമയം ആറ് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ പ്രവാസി കേന്ദ്രങ്ങളിൽ സജീവമായ ചർച്ചകൾ നടന്നിരുന്നു. ഫലപ്രഖ്യാപനം തത്സമയം വീക്ഷിക്കുന്നതിനായി  ന്യൂ സലാത്തയിലെ മോഡേൺ എഡ്യൂക്കേഷൻ സെന്ററിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബിഗ് സ്ക്രീനിൽ ഫലം തത്സമയം സംപ്രേഷണം ചെയ്തപ്പോൾ നൂറുകണക്കിന് പ്രവർത്തകരാണ് ഇവിടെ ഒത്തുചേർന്നത്. പ്രിയപ്പെട്ട സ്ഥാനാർത്ഥികൾ ലീഡ് നില ഉയർത്തിയ ഓരോ നിമിഷവും മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്.
യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉറപ്പായതോടെ വൈകുന്നേരങ്ങളിൽ ആഘോഷങ്ങൾ സജീവമായി. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ ഒത്തുകൂടി കേക്ക് മുറിച്ചും മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തും വിജയം ആഘോഷിച്ചു. വരും ദിവസങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വിപുലമായ വിജയാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇൻകാസ്, കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img